പേരൻപ് – അടുത്ത ദേശീയ അവാർഡ് മമ്മൂട്ടിക്ക് തന്നെ ആയിരിക്കും : ശരത് കുമാർ

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേട്ടത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരു റെക്കോര്‍ഡുണ്ട്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിച്ചാണ് അദ്ദേഹം തന്‍റെ മൂന്നാമത്തെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആരാധകരും മറ്റൊരു ചരിത്രം കൂടി പ്രതീക്ഷിക്കുന്നു.

ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസം ഈ മമ്മൂട്ടിച്ചിത്രം നിറഞ്ഞ കയ്യടി നേടി. തമിഴിൽ ദേശീയപുരസ്കാര ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത ‘പേരൻപ്’ ഇന്ത്യൻ സിനിമയ്ക്ക് പുതിയ നേട്ടങ്ങള്‍ കുറിക്കുമെന്നാണ് നിരൂപകപ്രശംസ. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ച തമിഴ്‌നടന്‍ ശരത് കുമാര്‍ പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തെപ്പറ്റി വാചാലനാകുന്നു.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘പേരന്‍പിലെ അമുധം എന്ന കഥാപാത്രത്തിനെ ഈ മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ആദ്യമായി ചിത്രത്തിന്റെ കഥകേട്ടപ്പോള്‍ തന്നെ ഈ കഥാപാത്രമായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് റാമിനോട് പറഞ്ഞിരുന്നു. ഈ വര്‍ഷം തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് എനിയ്ക്കുറപ്പുണ്ട്’–ശരത് കുമാര്‍ പറഞ്ഞു.

ചിത്രത്തിൻറെ വേൾഡ് പ്രീമിയർ കഴിഞ്ഞതിന് പിന്നാലെ പ്രശംസാവാക്കുകളും പ്രവഹിക്കുകയാണ്. രാജ്യാന്തര നിരൂപകർ വരെ സിനിമയെ വാഴ്ത്തുന്നു. സംവിധായകൻ റാം, നിർമാതാവ് ആർ.എൽ.തേനപ്പൻ, മറ്റൊരു നിർമാതാവ് ജെ.സതീഷ്‌‌കുമാർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കുന്നുണ്ട്.

ഒപ്പം മേളയിൽ നിർബന്ധമായി കാണേണ്ട 20 സിനിമകളുടെ പട്ടികയിലും പേരൻപ് ഇടം പിടിച്ചിരുന്നു. തമിഴ് താരം അഞ്ജലി, ബേബി സാധന, സുരാജ് വെഞ്ഞാറമ്മൂട്, കനിഹ, സമുദ്രക്കനി തുടങ്ങിയവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും.

Leave a Reply

Your email address will not be published. Required fields are marked *