മെർസലിനു പിന്തുണയുമായി കമൽഹാസനും…

ചെന്നൈ: മെർസലിനെതിരെ ബി.ജെ.പി ന‌ടത്തുന്ന പ്രചാരണങ്ങൾക്കെതിരെയും സിനിമയെ പിന്തുണച്ചും തമിഴ്‌താരം കമലഹാസൻ രംഗത്തെത്തി. ഒരിക്കൽ സെൻസർ ചെയ്‌ത് സർട്ടിഫിക്കറ്റ് ചെയ്‌ത ചിത്രമാണ് മെർസൽ. ഇനി വീണ്ടും അതിനെ സെൻസർ ചെയ്യരുത്. വിമർശനങ്ങൾക്ക് യുക്തിസഹമായി വിമർശനം നൽകുകയാണ് വേണ്ടത്. അല്ലാതെ വിമർശകരുടെ വായടപ്പിക്കുകയല്ല വേണ്ടത്. സംസാരിക്കുമ്പോൾ മാത്രമേ ഇന്ത്യ തിളങ്ങുന്നൂ എന്ന് പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപാവലിയ്‌ക്ക് പുറത്തിറങ്ങിയ വിജയ് സിനിമ മെർസലിനെതിരെ നടക്കുന്ന പ്രചാരണങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൽ ചരക്കു സേവന നികുതി(ജി.എസ്.ടി)യെക്കുറിച്ച് ന‌ടത്തുന്ന പരാമർശം വാസ്‌തവ വിരുദ്ധമാണെന്നും അത് പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഈ ഡയലോഗാണ് പരാതിക്കാധാരം. ‘സിംഗപ്പൂരിൽ 7 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയെങ്കിലും അവിടെ എല്ലാവർക്കും ചികിത്സ സൗജന്യമാണ്. ഉയർന്ന ജി.എസ്.ടി നിരക്കുകളുള്ള ഇന്ത്യയിൽ ആരോഗ്യ രംഗം സാധാരണക്കാർക്ക് താങ്ങാനാവില്ല’. സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവില്ലായ്‌‌മയാണ് സിനിമയിലെ ഇത്തരം പ്രസ്‌താവനയ്‌ക്ക് കാരണമെന്നാണ് ബി.ജെ.പി പറയുന്നത്.

അതേസമയം, സിനിമയ്‌ക്കെതിരെ തമിഴ്നാട്ടിലെ ഡോക്‌ടർമാരും രംഗത്തെത്തി. സിനിമ ആരോഗ്യ പ്രവർത്തകരെ വിലകുറച്ചു കാണിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനമുണ്ട്. ഇതിനൊപ്പം സിനിമയുടെ വ്യാജപതിപ്പുകൾ ഡോക്‌ടർമാർ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും വ്യാപമായി പ്രചരിപ്പിക്കുന്നുമുണ്ടെന്ന് ആക്ഷേപമുണ്ട്. ഇത് സിനിമയുടെ കളക്‌ഷനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറയുന്നു.

അതിനിടെ സിനിമയ്‌ക്ക് പിന്തുണയുമായും വിമർശനവുമായും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ട്വിറ്ററിൽ മെർസൽ v/s മോദി എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗ് ലിസ്‌റ്റിലാണ്.

Leave a Reply

Your email address will not be published. Required fields are marked *